തിരുവനന്തപുരം: ഭാവികേരളത്തിലെ സുസ്ഥിരനിർമ്മാണത്തിനു ദിശാബോധം പകരുന്ന ധവളപത്രം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു. സുസ്ഥിരനിർമ്മാണം, കാലാവസ്ഥാദുരന്തപ്രതിരോധശേഷി, സാമൂഹികോത്തരവാദിത്വം എന്നിവയിൽ ഊന്നി സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യവികസനം എങ്ങനെ മാറ്റാമെന്നതിന്റെ മാർഗ്ഗരേഖയാണു ധവളപത്രം. ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ നേതൃത്വത്തിലുള്ള സംഘമാണു ധവളപത്രം കൈമാറിയത്.
സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി കൊല്ലം ചവറയിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (IIIC) 2024 ഡിസംബർ 5 മുതൽ 7 വരെ സംഘടിപ്പിച്ച ‘യുഎൽ അന്താരാഷ്ട്ര സുസ്ഥിരനിർമ്മാണ കോൺക്ലേവ്’ (UL International Conclave on Sustainable Construction) മുന്നോട്ടുവച്ച ആശയങ്ങളാണ് രേഖയ്ക്ക് ആധാരം. കോൺക്ലേവിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ എങ്ങിനെ പ്രാവർത്തികമാക്കാം എന്ന് ജിയോജിത് ക്യൂസറ്റ് സെന്റർ ഫോർ സസ്റ്റൈനബിലിറ്റി (ജിക്കോസ്) വിജ്ഞാനപങ്കാളിയായി നടത്തിയ വിശദമായപഠനത്തിലൂടെ തയ്യാറാക്കിയതാണ് ധവളപത്രം. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB), ഐഐടി മദ്രാസ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചു സംഘടിപിച്ച കോൺക്ലേവിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള വിദഗ്ധർ, വ്യവസായപ്രതിനിധികൾ, നയനിർമ്മാതാക്കൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങൾ (SDGs 2030) കൈവരിക്കുന്നതിൽ അഞ്ചു വർഷമായി തുടരെ രാജ്യത്ത് ഒന്നാമതുള്ള കേരളം പക്ഷെ, വേഗത്തിലുള്ള നഗരവൽക്കരണം, മാലിന്യനിയന്ത്രണം, ജലക്ഷാമം, കാലാവസ്ഥാദുരന്തങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നു. ഇത് സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ നിർമാണരീതികളിലേക്കുള്ള മാറ്റം അനിവാര്യമാക്കുന്നു. ഇതു കേരളസർക്കാരിന്റെ പ്രഖ്യാപിതനയവുമാണ്. എന്നാൽ, ആഗോള കാർബൺ ഉൽസർജനത്തിൽ 70 ശതമാനവും നിർമ്മിതപരിസരവും അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ട്, സംസ്ഥാനത്തിന്റെ ആകെ ഉൽപാദനമൂല്യത്തിൽ 14-ഉം തൊഴിലിൽ 13-ഉം ശതമാനം പ്രദാനം ചെയ്യുന്ന നിർമ്മാണമേഖലയിലെ ഇടപെടൽ പ്രധാനമാണെന്നു ധവളപത്രം ചൂണ്ടിക്കാണിക്കുന്നു.
സുസ്ഥിരനിർമ്മാണപ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ സംസ്ഥാനതല നോഡൽ ഏജൻസിക്കു രൂപം നല്കണമെന്നു നിർദ്ദേശിക്കുന്ന ധവളപത്രം, നിർമ്മാണമേഖലയിലെ ഡിജിറ്റൽ പരിവർത്തനം, പുതിയ പരിസ്ഥിതിസൗഹൃദനിർമ്മാണസാമഗ്രികളുടെ പ്രചാരം, നൈപുണ്യവികസനം, ഉന്നതവിദ്യാഭ്യാസത്തിൽ സുസ്ഥിരതയുടെ ആശയവും രീതികളും ഉൾക്കൊള്ളിക്കൽ എന്നിവയും പ്രധാനനിർദ്ദേശങ്ങളായി വയ്ക്കുന്നു.
ലക്ഷ്യം നേടാൻ സ്ഥിരതയും നവീകരണവും സാമ്പത്തികമായ പ്രായോഗികതയും ഏകോപിപ്പിക്കുന്ന സംയുക്തനയചട്ടകൂട് (Integrated Framework) ആവശ്യമാണ്. അതിനാൽ, നയം, തന്ത്രം, നിലവാരമാനദണ്ഡങ്ങൾ (PSS) എന്നിവ അടങ്ങിയ സമഗ്രമായ സുസ്ഥിരനിർമ്മാണനയരേഖയും റോഡ്മാപ്പും തയ്യാറാക്കണം. പുതിയ,സുസ്ഥിര നിർമ്മാണസാമഗ്രികളുടെ പ്രചാരം ഉറപ്പാക്കണം, വലിയ നിർമാണപദ്ധതികളിൽ സുസ്ഥിരതാവൈദഗ്ദ്ധ്യം നിർബന്ധമാനദണ്ഡം ആക്കണം, അത്തരം പദ്ധതികളിൽ നിശ്ചിതശതമാനം തൊഴിലാളികൾക്കെങ്കിലും സുസ്ഥിരസമ്പ്രദായങ്ങളിൽ പരിശീലനം ഉറപ്പാക്കണം എന്നിവയും നിർദ്ദേശങ്ങളിലുണ്ട്.
നിർമാണമേഖലയിലെ ഡിജിറ്റൽ പരിഷ്കരണമാണ് ഭാവിയിലെ സുസ്ഥിരതയുടെ അടിത്തറ. നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളെയും ബന്ധിപ്പിക്കുന്ന ഇന്ററോപ്പറബിൾ ഡിജിറ്റൽ ഇക്കോസിസ്റ്റം രൂപപ്പെടുത്തണം. കൂടാതെ, ഈ രംഗത്തെ ഗവേഷണങ്ങൾക്കു പൊതുമേഖല–സ്വകാര്യ–അക്കാദമിക് സഹകരണം ശക്തിപ്പെടുത്തണമെന്നും 3ഡി പ്രിന്റിങ് പോലുള്ള നവസാങ്കേതികതകൾ പ്രോത്സാഹിപ്പിക്കണമെന്നും ധവളപത്രം പറയുന്നു.
രമേശൻ പാലേരിക്കു പുറമെ, യുഎൽസിസിഎസ് മാനേജിങ് ഡയറക്ടർ എസ്. ഷാജു, ഐഐഐസി ഡയറക്ടർ പ്രൊഫ (ഡോ) ബി. സുനിൽ കുമാർ, ഡെപ്യൂട്ടി ഡയറക്ടർ കെ. രാഘവൻ, ജിക്കോസ് (GCCOSS) സിഇഒ ജോസഫ് മാർട്ടിൻ, യുഎൽസിസിഎസ് ചീഫ് ജനറൽ മാനേജർ റോഹൻ പ്രഭാകർ, ടി. ബിജോയ് എന്നിവരും ധവളപത്രസമർപ്പണത്തിൽ പങ്കുകൊണ്ടു.
Sign up for free and be the first to get notified about updates.