Managerial and supervisory programs curated as per RICS pathways and competencies guidelines              ULCCS celebrating a century of excellence.             

4th March 2026
കേരളത്തിലെ ആദ്യ വനിതാ എക്സ്കവേറ്റർ സംഘം ഐ ഐ ഐ സിയിൽ നിന്ന്

അവിശ്വസനീയം അഭിമാനകരം ഈ നേട്ടം -കേരളത്തിലെ ആദ്യ വനിതാ എക്സ്കവേറ്റർ സംഘം ഐ ഐ ഐ സിയിൽ നിന്ന്

ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിൽ നിന്ന് ഇരുപത്തി അഞ്ചു വനിതകൾ കേരളത്തിലെ ആദ്യ സെർട്ടിഫൈഡ് വനിതാ എക്സ്കവേറ്റർ ഓപ്പറേറ്റർമാരായി. സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും വോൾവോ കൺസ്ട്രക്ഷൻ എക്വിപ്മെന്റ് ഇന്ത്യയും ചേർന്ന് നടത്തിയ സ്ത്രീ ശാക്തീകരണ പരിപാടിയിലൂടെയാണ് ഈ നേട്ടം ഇവർ കൈവരിച്ചത്. മൂന്നുമാസം ദൈർഘ്യമുള്ള പരിശീലന പരിപാടിയായിലായിരുന്നു ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ചവറ നിയോജക മണ്ഡലം അംഗം ഡോ .സുജിത് വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു.

ശ്രീമതി ഷംലാ നൗഷാദ് ചവറ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ്, അധ്യക്ഷയായിരുന്ന ചടങ്ങിൽ വോൾവോ സി ഇ ഇന്ത്യ സി എസ് ആർ ഹെഡ് ശ്രീ ജി വി റാവു മുഖ്യ അതിഥി ആയിരുന്നു.

സ്ത്രീകളുടെ ചിന്താഗതിയിലെ വ്യത്യസ്തത ഉദാഹരിച്ചുകൊണ്ടാണ് എം എൽ എ പ്രഭാഷണം ആരംഭിച്ചത്. ഐ ആർ ഇ എൽ ഐ ഐ ഐ സി യിൽ തന്നെ സ്പോൺസർ ചെയ്ത ഷെഫ് പരിശീലന പരിപാടിയിലേക്ക് കുറച്ചു വനിതകളെ അദ്ദേഹം നേരിട്ട് വിളിച്ചു നിർദേശിച്ചു . ഏറ്റവും കുറഞ്ഞത് നാല്പത്തി അയ്യായിരം രൂപയാണ് ഷെഫ് ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്നത് എന്നെല്ലാം അവരെ ഉപദേഹിക്കുകയും ചെയ്‌തു . എന്നാൽ ആ പരിശീലനത്തിലേക്ക് വീട്ടമ്മമാർ മുഖം തിരിക്കുകയാണ് ഉണ്ടായത് എന്ന് അദ്ദേഹം ഓർത്തെടുത്തു. എന്നും ചെയ്യുന്ന ജോലിയായ പാചക പഠനത്തിന് ഒരു ത്രില്ല് ഇല്ല എന്ന ഒരു മറുപടി ആയിരുന്നു ഒരാളിൽ നിന്നും ലഭിച്ചത്. എന്നാൽ ഇരുപത്തി അഞ്ചു പേര് മുടങ്ങാതെ എക്സ്കവേറ്റർ ഓപ്പറേറ്റർ ആയി പഠിക്കുവാൻ വന്നു എന്നത് സൂചിപ്പിക്കുന്നത് സ്ത്രീകളുടെ വ്യത്യസ്ത അഭിരുചികളുടെയും, അസാമാന്യ ധൈര്യത്തിന്റെയും, കഠിനാധ്വാനത്തിന്റെയും ഉദാഹരണമായാണ് കാണേണ്ടത് എന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഈ എ ഐ യുഗത്തിൽ കാലാതിവർത്തിയായ തൊഴിലുകളിൽ ഉൾപ്പെട്ട് എക്സ്കവേറ്റർ ഓപ്പറേറ്റർ എന്ന തസ്തിക മാറ്റമില്ലാതെ നില നിൽക്കും എന്ന് ശ്രീ ജി വി റാവു പ്രസ്താവിച്ചു. ഐ ഐ ഐ സി യുടെ സ്ത്രീ ശാക്തീകരണ പരിപാടികൾ ഉൾപ്പടെ പൊതു താൽപ്പര്യാർത്ഥമുള്ള പരിശീലന പരിപാടികളിൽ വോൾവോ സി ഇ ഇന്ത്യയുടെ പരിപൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.

ശ്രീ. സന്തോഷ് തുപ്പശ്ശേരി എസ്. – പ്രസിഡന്റ്, പന്മന ഗ്രാമ പഞ്ചായത്ത്, ശ്രീമതി അംബികാ ദേവി – പ്രസിഡന്റ്, ചവറ ഗ്രാമ പഞ്ചായത്ത്,ഡോ. ജോമി തോമസ് – ഡീൻ (അക്കാദമിക്സ്), ഐ.ഐ.ഐ.സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡോ. അഷ്ഫാക് എ നന്ദി പ്രകാശിപ്പിച്ചു.