സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ വനിതകൾക്ക് സർക്കാർ ഫീസിൽ പഠിക്കാം. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, ഹൗസ് കീപ്പിംഗ് ട്രെയിനീ ലെവൽ 3 എന്നീ പരിശീലന പരിപാടികളിലാണ് വനിതകൾക്ക് ഫീസിളവ് തീരുമാനിച്ചിരിക്കുന്നത്. തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സല്ലൻസ് ആണ് ഫീസിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കേസിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐ ഐ ഐ സി .
ബി എസ് സി ബിരുദദാരികൾ,ബിടെക് സിവിൽ ,ഡിപ്ലോമ സിവിൽ ,ബി എ ജോഗ്രഫി പൂർത്തീകരിച്ചവർ എന്നിവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ആറുമാസം ദൈർഘ്യമുള്ള പരിശീലനത്തിന് ഒരു വിദ്യാർത്ഥിനി പതിനോരായിരത്തി അറുനൂറ്റി എഴുപതു രൂപ മാത്രം അടച്ചാൽ മതിയാകും. താമസവും ഭക്ഷണവും ഉൾപ്പടെയുള്ള ഫീസാണ് ഇത്. ഒരു ലക്ഷത്തി അയ്യായിരത്തി മുപ്പതു രൂപയാണ് ഒരു വിദ്യാർത്ഥിക്ക് ഫീസിളവ് ലഭിക്കുന്നത്. നിർമാണം, ദുരന്ത നിവാരണം ,നഗര/ ഗ്രാമ മാലിന്യ നിർമാർജന പരിപാടികൾ ,വാഹന ഗതാഗതം, കാട്ടു തീ നിയന്ത്രണം എന്ന് വേണ്ട ഒട്ടുമിക്ക മേഖലകളിലും ജി ഐ എസ് ഉപയോഗിച്ച് വരുന്നുണ്ട്. മുൻ സ്ത്രീശാക്തീകരണ പദ്ധതിയിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും ജോലി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഒരു ബാച്ച് കൂടി അനുവദിച്ചിരിക്കുന്നത്. ഊരാളുങ്കൽ ടെക് സൊല്യൂഷൻസ്, കേരള ഇൻഫ്രാസ്ട്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്, ഇ എസ് ആർ ഐ ഇന്ത്യ ,ജിയോക്നോ ഹൈദരാബാദ് ,ആർക്കാഡിസ് ബാംഗ്ലൂർ,നെസ്റ്റ് ടെക്നോളോജിസ്,അവിനിയോൺ ഹൈദരാബാദ് ,ടെഡിയുസ് ടെക്നോളോജിസ് ബാംഗ്ലൂർ ,ട്രോയ്‌സ് ഇൻഫോടെക് തിരുവനന്തപുരം എന്നിങ്ങനെയുള്ള കമ്പനികളാണ് വിദ്യാർഥിനികൾക്ക് ജോലി ലഭിച്ചത്. യഥാർത്ഥ സ്ത്രീ ശാക്തീകരണം കാലാനുസൃത തൊഴിലിലൂടെ എന്ന ശ്രമകരമായ ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ ഐ ഐ ഐ സി സാക്ഷാത്കരിച്ചത്.
പത്താം ക്ലാസ്സു പൂർത്തീകരിച്ച വിദ്യാർഥിനികൾക്ക് അപേഷിക്കാവുന്ന പരിശീലന പരിപാടിയാണ് ഹൗസ് കീപ്പിംഗ്. മൂവായിരത്തി അറുനൂറ്റി തൊണ്ണൂറു രൂപയാണ് അൻപത്തി ഏഴു ദിവസത്തെ പരിശീലനത്തിന് ഒരു വിദ്യാർത്ഥിനി അടക്കേണ്ടി വരിക. മുപ്പത്തി മൂവായിരത്തി ഇരുനൂറ്റി പത്തു രൂപയാണ് സർക്കാർ വിഹിതം. വിദേശത്തും സ്വദേശത്തും നിരവധി ജോലി സാധ്യതകളാണ് ഈ പരിശീലനം പൂർത്തിയാക്കുന്നവർക്ക് ലഭിക്കുക. ഈ മേഖലയിൽ സംരംഭകത്വ സാധ്യതകളും അനവധിയാണ്.
ഫീസ് ആനുകൂല്യത്തോടെ പരിശീലനത്തിൽ പ്രവേശിക്കുവാൻ താഴെ പറയുന്ന ഏതെങ്കിലും വിഭാഗങ്ങളിൽപ്പെടുന്നവരാണെന്നു സാക്ഷ്യപ്പെടുത്തുന്ന രേഖകൾ സമർപ്പിക്കണം.
a. കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ
b. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ews )/പട്ടിക ജാതി / പട്ടിക വർഗ / ഒ ബി സി വിഭാഗത്തിൽ പെടുന്നവർ
c. കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ
d. ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക
e. ഭിന്നശേഷിയുള്ള കുട്ടിയുടെ അമ്മ
f. വിധവ/വിവാഹ മോചനം നേടിയവർ
g. ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ
പരിശീലനത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. www.iiic.ac.in വിവരങ്ങൾക്ക് 8078980000
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കണ്സ്ട്രക്ഷന് വേണ്ടി
ഡയറക്ടർ
Sign up for free and be the first to get notified about updates.